Pages

Saturday, November 1, 2014

ഒരു ചുംബനത്തില്‍ എന്തിരിക്കുന്നു?

A Father Kissing His Daughter 
മനുഷ്യ ശരീരങ്ങള്‍ എന്നും സ്പര്‍ശന ദാഹികളാണ്. ചുംബനം, ആശ്ലേഷം, മാറോടു ചേര്‍ത്ത് പിടിക്കല്‍, തലോടല്‍, ഹസ്തദാനം തുടങ്ങിയ സ്പര്‍ശനങ്ങള്‍, മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങള്‍ തമ്മിലുള്ള സ്നേഹ പ്രകടനത്തിന്‍റെ ഏറ്റവും ഉത്തമവും ഫലപ്രദവുമായ മാര്‍ഗങ്ങളാണ്. ഒരു കുഞ്ഞു ഈ ലോകത്തേക്ക് ജനിച്ചു വീഴുമ്പോള്‍ ആദ്യത്തെ ശ്വാസം അയക്കാന്‍ തുടങ്ങുനതു തന്നെ കുഞ്ഞിന്‍റെ പുറത്തു ഒന്ന് തട്ടി ഉധീപവിപ്പിക്കുമ്പോഴാണ്. ഇന്‍റെര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും ആധുനിക കാലത്ത് മനുഷ്യ ബന്ധങ്ങള്‍ ശുഷ്കമാകാന്‍ ഉള്ള ഏറ്റവും വലിയ കാരണം തന്‍റെ പ്രിയപെട്ടവരോട് സ്നേഹം പ്രകടിപ്പിക്കാന്‍ മനുഷ്യന് അറിയില്ല എന്നതാണ്..
ഐ ഫോണും, ഐപാഡും, ടാബ്ലെറ്റും, മുന്തിയ കാറും ചുറ്റുമതിലും ഗേറ്റുമുള്ള വീടും അടക്കം പണം കൊണ്ട് കഴിയുന്നതെല്ലാം തന്‍റെ മക്കള്‍ക്കും പ്രിയപ്പെട്ടവര്‍കും വാങ്ങി കൊടുക്കലാണ് ശരിയായ സ്നേഹ പ്രകടനം എന്ന് ധരിച്ചു വെക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ നല്ലൊരുഭാഗം പേരും. ഇത്തരം 'സ്നേഹോപകരണങ്ങള്‍' മനുഷ്യ ബന്ധങ്ങളെ അകറ്റുന്നതില്‍ എത്ര വലിയ പങ്കു വഹിക്കുന്നു എന്നുളത് മറ്റൊരു വലിയ ചര്‍ച്ചയാണ്..
ഇന്നിപ്പോള്‍ പലരും ചുംബിക്കാന്‍ ഏറണാകുളത്തേക്ക് പോകാന്‍ ടിക്കറ്റ്‌ എടുത്തിരിക്കുകയാണല്ലോ.. വണ്ടി കയറുന്നതിനു മുന്‍പ് ഒരു ചെറിയ കാര്യം. തന്‍റെ കുട്ടികളെ, ഉമ്മയെ/അമ്മയെ, പിതാവിനെ, ഭാര്യയെ, സഹോദരിയെ, സഹോദരനെ ഇങ്ങനെ നാം ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പാട് ബന്ധങ്ങള്‍.. ഇവരെയൊക്കെ ദിവസം ഒരു തവണ എങ്കിലും ഒന്ന് ചുംബിക്കാന്‍ , ഒന്നു മാറോടു ചേര്‍ത്ത് പിടിക്കാന്‍, ഒന്ന് തലയില്‍ കൈ ചലിപ്പിക്കാന്‍, ഒന്ന് പുറത്തു തട്ടാന്‍, എല്ലാം പോകട്ടെ ഒന്ന് ഹസ്തദാനം ചെയാന്‍ എങ്കിലും നാം സമയം കണ്ടെത്തരുണ്ടോ?
ഒരു അനാഥ കുട്ടിയെ കണ്ടാല്‍ അവന്‍റെ തലയിലൂടെ ഒന്ന് കൈ ചലിപ്പിക്കല്‍ ഒരു വലിയ പ്രതിഫലമുള്ള കാര്യമാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബി (സ) പഠിപിച്ചതില്‍ മറ്റൊരു പൊരുള്‍ കൂടിയുണ്ട്. അവന്‍റെ പിതാവ് അല്ലെങ്കില്‍ മാതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവന്‍റെ തലയില്‍ കൈ വെച്ച് അവനോടു സ്നേഹം പ്രകടിപ്പിക്കുമായിരുന്നു.. ആ സ്നേഹ പ്രകടനം അനുഭവിക്കുവാനുള്ള ഭാഗ്യം അനാഥ കുട്ടിക്ക് ഇല്ലാതെ പോയത് കൊണ്ടാണ് സമൂഹത്തോട് അങ്ങിനെ ചെയ്യാന്‍ പ്രവാചകര്‍ കല്‍പിച്ചത്‌. ചിന്തിക്കുക! നമ്മുടെ ഒക്കെ കുട്ടികള്‍ നാം മാതാപിതാക്കള്‍ ജീവിചിരിപ്പുണ്ടായിട്ടും അവര്‍ അനാഥരെ പോലെയല്ലേ? അവര്‍ അര്‍ഹിക്കുന്ന സ്നേഹം നാം സ്പര്‍ഷങ്ങളിലൂടെ അവരോടു പ്രകടിപ്പികാറുണ്ടോ??
ചുംബനം അടക്കമുള്ള മേല്‍ പറഞ്ഞ സ്പര്‍ഷങ്ങളിലൂടെ നമ്മുടെ പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രായം ഒരു പ്രശ്നമല്ല..ഉദാഹരണത്തിന്, ഒരു പ്രവാസം പോലെയുള്ള ദീര്‍ഘ ഇടവേളയ്ക്കു ശേഷം വീട്ടിലേക്കു ചെല്ലുന്ന നമ്മെ വീട്ടു വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്ന ഉമ്മ നല്‍കുന്ന ആ ചുംബനത്തിനും വാരിപുണരലിനും പകരം വെക്കാന്‍ ഈ ലോകത്ത് മറ്റെന്തുണ്ട്? അതിലും സന്തോഷം നല്‍കുന്ന എന്തുണ്ട് നമുക്ക് ഈ ലോകത്ത്??
സ്നേഹം പ്രദര്ഷിപ്പിക്കാനുള്ളതല്ല; പ്രകടിപ്പിക്കാനുള്ളതാണ്. ചുംബിക്കാന്‍ ഏറണാകുളത്തൊന്നും പോകേണ്ടതില്ല. നമ്മുടെ ഒരു ചുംബനത്തിനായി, ഒരു സ്നേഹ സ്പര്‍ശനത്തിനായി കാലങ്ങളായി ദാഹിചിരിക്കുന്നവര്‍ (പ്രത്യേകിച്ച് കുട്ടികളും മാതാ പിതാക്കളും) നമ്മുടെ വീട്ടില്‍ തന്നെയുണ്ട്‌! നമ്മുടെ ചുംബനങ്ങള്‍ വീട്ടില്‍ നിന്ന് തുടങ്ങട്ടെ!!