Pages

Saturday, November 1, 2014

ഒരു ചുംബനത്തില്‍ എന്തിരിക്കുന്നു?

A Father Kissing His Daughter 
മനുഷ്യ ശരീരങ്ങള്‍ എന്നും സ്പര്‍ശന ദാഹികളാണ്. ചുംബനം, ആശ്ലേഷം, മാറോടു ചേര്‍ത്ത് പിടിക്കല്‍, തലോടല്‍, ഹസ്തദാനം തുടങ്ങിയ സ്പര്‍ശനങ്ങള്‍, മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങള്‍ തമ്മിലുള്ള സ്നേഹ പ്രകടനത്തിന്‍റെ ഏറ്റവും ഉത്തമവും ഫലപ്രദവുമായ മാര്‍ഗങ്ങളാണ്. ഒരു കുഞ്ഞു ഈ ലോകത്തേക്ക് ജനിച്ചു വീഴുമ്പോള്‍ ആദ്യത്തെ ശ്വാസം അയക്കാന്‍ തുടങ്ങുനതു തന്നെ കുഞ്ഞിന്‍റെ പുറത്തു ഒന്ന് തട്ടി ഉധീപവിപ്പിക്കുമ്പോഴാണ്. ഇന്‍റെര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും ആധുനിക കാലത്ത് മനുഷ്യ ബന്ധങ്ങള്‍ ശുഷ്കമാകാന്‍ ഉള്ള ഏറ്റവും വലിയ കാരണം തന്‍റെ പ്രിയപെട്ടവരോട് സ്നേഹം പ്രകടിപ്പിക്കാന്‍ മനുഷ്യന് അറിയില്ല എന്നതാണ്..
ഐ ഫോണും, ഐപാഡും, ടാബ്ലെറ്റും, മുന്തിയ കാറും ചുറ്റുമതിലും ഗേറ്റുമുള്ള വീടും അടക്കം പണം കൊണ്ട് കഴിയുന്നതെല്ലാം തന്‍റെ മക്കള്‍ക്കും പ്രിയപ്പെട്ടവര്‍കും വാങ്ങി കൊടുക്കലാണ് ശരിയായ സ്നേഹ പ്രകടനം എന്ന് ധരിച്ചു വെക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ നല്ലൊരുഭാഗം പേരും. ഇത്തരം 'സ്നേഹോപകരണങ്ങള്‍' മനുഷ്യ ബന്ധങ്ങളെ അകറ്റുന്നതില്‍ എത്ര വലിയ പങ്കു വഹിക്കുന്നു എന്നുളത് മറ്റൊരു വലിയ ചര്‍ച്ചയാണ്..
ഇന്നിപ്പോള്‍ പലരും ചുംബിക്കാന്‍ ഏറണാകുളത്തേക്ക് പോകാന്‍ ടിക്കറ്റ്‌ എടുത്തിരിക്കുകയാണല്ലോ.. വണ്ടി കയറുന്നതിനു മുന്‍പ് ഒരു ചെറിയ കാര്യം. തന്‍റെ കുട്ടികളെ, ഉമ്മയെ/അമ്മയെ, പിതാവിനെ, ഭാര്യയെ, സഹോദരിയെ, സഹോദരനെ ഇങ്ങനെ നാം ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പാട് ബന്ധങ്ങള്‍.. ഇവരെയൊക്കെ ദിവസം ഒരു തവണ എങ്കിലും ഒന്ന് ചുംബിക്കാന്‍ , ഒന്നു മാറോടു ചേര്‍ത്ത് പിടിക്കാന്‍, ഒന്ന് തലയില്‍ കൈ ചലിപ്പിക്കാന്‍, ഒന്ന് പുറത്തു തട്ടാന്‍, എല്ലാം പോകട്ടെ ഒന്ന് ഹസ്തദാനം ചെയാന്‍ എങ്കിലും നാം സമയം കണ്ടെത്തരുണ്ടോ?
ഒരു അനാഥ കുട്ടിയെ കണ്ടാല്‍ അവന്‍റെ തലയിലൂടെ ഒന്ന് കൈ ചലിപ്പിക്കല്‍ ഒരു വലിയ പ്രതിഫലമുള്ള കാര്യമാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബി (സ) പഠിപിച്ചതില്‍ മറ്റൊരു പൊരുള്‍ കൂടിയുണ്ട്. അവന്‍റെ പിതാവ് അല്ലെങ്കില്‍ മാതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവന്‍റെ തലയില്‍ കൈ വെച്ച് അവനോടു സ്നേഹം പ്രകടിപ്പിക്കുമായിരുന്നു.. ആ സ്നേഹ പ്രകടനം അനുഭവിക്കുവാനുള്ള ഭാഗ്യം അനാഥ കുട്ടിക്ക് ഇല്ലാതെ പോയത് കൊണ്ടാണ് സമൂഹത്തോട് അങ്ങിനെ ചെയ്യാന്‍ പ്രവാചകര്‍ കല്‍പിച്ചത്‌. ചിന്തിക്കുക! നമ്മുടെ ഒക്കെ കുട്ടികള്‍ നാം മാതാപിതാക്കള്‍ ജീവിചിരിപ്പുണ്ടായിട്ടും അവര്‍ അനാഥരെ പോലെയല്ലേ? അവര്‍ അര്‍ഹിക്കുന്ന സ്നേഹം നാം സ്പര്‍ഷങ്ങളിലൂടെ അവരോടു പ്രകടിപ്പികാറുണ്ടോ??
ചുംബനം അടക്കമുള്ള മേല്‍ പറഞ്ഞ സ്പര്‍ഷങ്ങളിലൂടെ നമ്മുടെ പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രായം ഒരു പ്രശ്നമല്ല..ഉദാഹരണത്തിന്, ഒരു പ്രവാസം പോലെയുള്ള ദീര്‍ഘ ഇടവേളയ്ക്കു ശേഷം വീട്ടിലേക്കു ചെല്ലുന്ന നമ്മെ വീട്ടു വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്ന ഉമ്മ നല്‍കുന്ന ആ ചുംബനത്തിനും വാരിപുണരലിനും പകരം വെക്കാന്‍ ഈ ലോകത്ത് മറ്റെന്തുണ്ട്? അതിലും സന്തോഷം നല്‍കുന്ന എന്തുണ്ട് നമുക്ക് ഈ ലോകത്ത്??
സ്നേഹം പ്രദര്ഷിപ്പിക്കാനുള്ളതല്ല; പ്രകടിപ്പിക്കാനുള്ളതാണ്. ചുംബിക്കാന്‍ ഏറണാകുളത്തൊന്നും പോകേണ്ടതില്ല. നമ്മുടെ ഒരു ചുംബനത്തിനായി, ഒരു സ്നേഹ സ്പര്‍ശനത്തിനായി കാലങ്ങളായി ദാഹിചിരിക്കുന്നവര്‍ (പ്രത്യേകിച്ച് കുട്ടികളും മാതാ പിതാക്കളും) നമ്മുടെ വീട്ടില്‍ തന്നെയുണ്ട്‌! നമ്മുടെ ചുംബനങ്ങള്‍ വീട്ടില്‍ നിന്ന് തുടങ്ങട്ടെ!!

Tuesday, August 12, 2014

അവസാനത്തെ സമ്മാനം (The Last Gift)



സമയം രാവിലെ അഞ്ചു മണി..ഉള്‍ഗ്രാമത്തിലെ ഒരു കുടിലില്‍..

നോക്കീ.. ഇന്നലെ പണി കഴിഞ്ഞു വരുമ്പം ഇന്‍റെ ചെരുപ്പ് അടി ഓട്ടയായി

അതിനു?

ഇന്ന് പണി അങ്ങ് മലമുകളിലാ...

അതിനു?

അവിടേക്ക് ഒരു മണിക്കൂറു ബസ്സിറങ്ങി കാട്ടിലൂടെ നടക്കാനുണ്ട്.

ഇന്നാ വേഗം വിട്ടോ, നേരം വൈകണ്ടാ..ബസ്സ് പോകും..

അതല്ല മനുഷ്യാ..

പിന്നെ?

ഞാന്‍ ചെരിപ്പില്ലാതെ പോയാല്‍ മുള്ളും അട്ടയും നിറഞ്ഞ ആ വഴിയിലൂടെ നടന്നു പണിസ്ഥലത്തു എത്താന്‍ കയ്യൂല.

അതിനു? ഞാനിപം അന്നെ തോളില്‍ വെക്കണോ?

അതല്ലാന്നു..

പിന്നെ?

ഇങ്ങളെ ചെരുപ്പ് ഒരു ദിവസത്തേക്ക് വായ്പ തന്നാല്‍...ഞാന്‍ ഇന്ന് പണിക്കൂലി കിട്ടിയിട്ട് വേറെ ചെരുപ്പ് വാങ്ങിയിട്ട് തിരിച്ചു തരാം...

അപ്പൊ, എന്‍റെ കാലിനു മുള്ള് കുത്തൂലെ, എനിക്ക് ഇന്ന് വില്ലേജ് ആപ്പീസിലും മൃഗാസ്പത്രിയിലും പോകാന്‍ ഉള്ളതാ...

ഇങ്ങള് നല്ല റോട്ടിലൂടെ അല്ലെ നടക്കുന്നത്? ഇന്ന് ഒരു ദിവസം മാത്രം, പ്ലീസ്...

തരൂലാന്നു പറഞ്ഞത് കേട്ടിലേ?...

മടിയില്‍ തല വെച്ച്, മുടിയില്‍ കൈ ചലിപ്പിച്ചു..പിന്നെ, ഞാന്‍ ഇന്ന് കൂലി കിട്ടിയിട്ട് ഇങ്ങക്കും ഒരു പുതിയ ചെരുപ്പ് വാങ്ങാം...

ആ..അങ്ങനെയാണെകില്‍ ജ്ജ് കൊണ്ട് പോയിക്കോ..വരുമ്പം പുതിയ ചെരിപ് വാങ്ങാന്‍ മറക്കണ്ടാ ട്ടോ...

ചെരുപ്പ് ഊരി കിട്ടിയതും മഹതി ഏഴിഞ്ചു കാലില്‍ എട്ടിഞ്ച് ചെരിപ്പും ഇട്ടു ഓടി....ബസ്സ്‌ പോയാല്‍ ഇന്നത്തെ പണി പോയത് തന്നെ....

ബസ്സിറങ്ങി കിലോമീറ്ററുകള്‍ മുള്‍ വഴിയിലൂടെ നടന്നു ഒന്‍പതു മണിക്ക് പണിസ്ഥലത്ത് എത്തി..

മുറിച്ച റബ്ബറിന്റെ വിറകു വെട്ടി കെട്ടാക്കുന്നതാണ് പണി..ഒരു കെട്ടിന് വെച്ചാണ് കൂലി...

ഇന്ന് പണി കൂടുതല്‍ എടുത്താലെ കാര്യങ്ങള്‍ നടക്കൂ..അരി വാങ്ങണം, കറിക്ക് എന്തെങ്കിലും വാങ്ങണം, പിന്നെ രണ്ടു ചെരിപ്പും..പുതിയ ചെരിപ്പില്ലാതെ വീടിലേക്ക്‌ ചെല്ലാനും പറ്റില്ല...

ഇന്ന് കുറച്ചു ഇരുട്ടിയാണ് പണി നിര്‍ത്തിയത്..പണി കഴിഞ്ഞു രണ്ട് ചെരിപ്പും അരിയും വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ മണി ഒന്‍പതു....

നോക്കീ...ഇതാ ഞാന്‍ ഇങ്ങക്ക് പുതിയ ചെരുപ്പ് കൊണ്ട് വന്നിരിക്കുന്നു....

നോക്കീ...ഇത് ഞാനാ.....മനുഷ്യാ........നോക്കീ.....

ഒരു മിണ്ടാട്ടവുമില്ലാ..കുട്ടികള്‍ പുറത്ത് വന്നു ..ഉമ്മാ ബാപ്പ ഇത് വരെ വന്നിട്ടില്ല..ഉച്ചക്ക് വില്ലേജ് ആപ്പീസിലേക്ക് എന്ന് പറഞ്ഞു പോയതാ...

മണി പത്ത്...പതിനൊന്നു..പന്ത്രണ്ടു....ബാപ്പ ഇത് വരെ വന്നിട്ടില്ല...കുട്ടികള്‍ ഉറങ്ങി.....

മഹതി വിളക്കും കത്തിച്ചു വെച്ച് പുതിയ ചെരിപ്പും കയ്യില്‍ പിടിച്ചു കണ്ണും നട്ട് കോലായില്‍ തന്നെ ഇരുന്നു.....

നേരം വെളുത്തു......

കുറെ ആളുകള്‍ വരുന്നുണ്ട്..അതില്‍ ബാപ്പ കാണാതിരിക്കില്ല.....

വഴിയിലേക്കിറങ്ങി...നോക്കി അവര്‍ എന്തോ താങ്ങി പിടിച്ചു കൊണ്ട് വരുന്നുണ്ട്....എന്താണത്....

തന്‍റെ പ്രിയതമന്റെ ചലനമറ്റ ശരീരമായിരുന്നു അതെന്നു വിശ്വസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.....

അയാള്‍ക്ക്‌ വേണ്ടി വാങ്ങിയ അവസാനത്തെ സമ്മാനവും മുറുകെ പിടിച്ചു മഹതി വാവിട്ടു കരഞ്ഞു..റബ്ബേ എന്‍റെ നാല് മക്കളെ നീ അനാഥരാക്കിയല്ലോ......!!

Tuesday, March 25, 2014

അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ!?


ഒന്നാം ലോക മഹായുദ്ധാനന്തര ജര്‍മനിയില്‍, ഒരു ശക്തനായ നേതാവിന് വേണ്ടിയുള്ള തീവ്രമായ ആവശ്യമുണ്ടായിരുന്നു. ആ ഒഴിവിലേക്കാണ് ഒരു ധൈര്യശാലിയായ പട്ടാളക്കാരനായ ഹിറ്റ്‌ലര്‍ കടന് വരുന്നത്. നാസി പാര്‍ടിയില്‍ വെറും ഒരു മെമ്പര്‍ ആയി കടന്നു വന്ന ഹിറ്റ്‌ലര്‍ തന്‍റെ പ്രസംഗത്തിലൂടെ പൊതു ജനത്തെ കയ്യിലെടുക്കുകയായിരുന്നു. പിന്നീട് തന്നെ കൈ പിടിച്ചു ഉയര്‍ത്തിയ പാര്‍ടിയിലെ മുതിര്‍ന്ന നേതാകളെ തന്നെ പുറത്താക്കി, ഹിറ്റ്‌ലര്‍ പാര്‍ട്ടിയുടെ, വിമര്‍ശനത്തിനു അതീതനായ സ്വെചാധിപതിയായി മാറി.
ഉയര്ച്ചയിലെക്കുള്ള വഴിയില്‍ അക്രമങ്ങള്‍ ഒരു മാര്‍ഗമായി സ്വീകരിക്കുകയും അതിനു കൂട്ട് നില്‍ക്കുന്നവരെ പാര്‍ടിയിലേക്ക് കൊണ്ട് വരികയും ചെയ്തു. മാര്‍ക്സിസ്റ്റ്‌- ജൂത വിരുദ്ധ ജര്‍മന്‍ രാജ്യ വികാരമായിരുന്നു ഹിറ്റ്‌ലര്‍ തന്‍റെ പ്രഭാഷങ്ങളിലൂടെ ജനങ്ങളിലേക്ക് കുത്തിവെച്ച്കൊണ്ടിരുന്നത്.
വിമര്‍ശിക്കുന്നവരെ നശിപ്പിക്കുക, തന്നെ അമിതമായി പുകഴ്ത്തുക, ജൂതരെ കൊന്നൊടുക്കുന്നതിലാണ് യഥാര്‍ത്ഥ ജര്‍മന്‍ ദേശീയത എന്ന വികാരം കുത്തിവെക്കുക, പാര്‍ടിയിലും രാജ്യത്തും സ്വെച്ചാധിപത്യം, കളവുകള്‍ വീണ്ടും വീണ്ടും പറഞ്ഞു അതിനെ സത്യമാണെന്ന് വരുത്തി തീര്‍ക്കുക, തുടങ്ങിയ വഴികളിലൂടെയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും നിലനിന്നതും.


അരുന്ധതി റോയിയുടെ എല്ലാവരും കേട്ടിരിക്കേണ്ട വാക്കുകള്‍!

പിന്നീട് ഹിറ്റ്‌ലര്‍ ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വെചാധിപതിയും കൊലപാതകിയുമായ ഭരണാധികാരിയായി മാറി.
ഇന്ന് അഴിമതിയും വിലക്കയറ്റവും കൊണ്ട് വീര്‍പ്പു മുട്ടിയ ഇന്ത്യയില്‍ അതുപോലെ തന്നെ ഒരു ശക്തനായ നേതാവിന്‍റെ കുറവുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷെ ആ ഒഴിവിലേക്ക് കടന്നു വരാന്‍ "ഇന്ത്യന്‍-ഹിറ്റ്ലര്‍" കിണഞ്ഞു പരിശ്രമിക്കുന്നു എന്നത് നാം ഭീതിയോടെ കാണേണ്ടതുണ്ട്. അന്ന് ജൂതന്മാര്‍, ഇന്ന് മുസ്ലിംകള്‍. അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ. അന്ന് ഹിറ്റ്‌ലര്‍; ഇന്ന് ഇന്ത്യന്‍ ഹിറ്റ്‌ലര്‍!!??

Tuesday, December 10, 2013

നിനക്കൊക്കെ ഇവിടെ ദിവസം മുഴുവന്‍ എന്താ പണി!!?

സുബഹി ബാങ്ക് കേട്ട് അവള്‍ ഞെട്ടി ഉണര്‍ന്നു..വേഗം കുളിച്ചു സുബഹി നിസ്കരിച്ചു അടുക്കളയിലേക്കു...സുബഹി നിസ്കരിച്ചു ഖുര്‍ആന്‍ ഓതുന്ന ഉമ്മാക്ക് ഒരു കട്ടന്‍ ചായ ഉണ്ടാക്കി കൊടുത്തു....

അപ്പോഴാണ്‌ മൂന്നു മാസം പ്രായമുള്ള കുട്ടി കരഞ്ഞത്..കുട്ടിക്ക് പാല് കൊടുത്തു വീണ്ടും അടുക്കളയിലേക്കു..ആറു മണിക്ക് കുട്ടികള്‍ക്ക് സ്കൂളില്‍ പോകണം..അപ്പോഴേക്കും അവര്‍ക്ക് ചായ, ഉച്ചക്ക് ലഞ്ച് ബോക്സില്‍ ചോറ്...എല്ലാം റെഡി..

അഞ്ചു മണിക്ക് കുട്ടികളെ വിളിച്ചുനര്ത്തി രണ്ടു പേരയും കുളിപ്പിച്ച് വസ്ത്രം മാറ്റി ചായ കൊടുത്തു സ്കൂളില്‍ വിട്ടു..
അപ്പോഴേക്കും ഭര്‍ത്താവ് ഉണര്‍ന്നു..കാപി കൊടുത്തു..ഏഴു മണിക്ക് ഓഫീസില്‍ പോകണം അപ്പോഴേക്കും ചായ..ഉച്ചക്ക് ഊണിനു ലഞ്ച് ബോക്സ്..എല്ലാം റെഡി..

അവള്‍ മുറ്റമടിക്കാന്‍ ഇറങ്ങി..മുകളില്‍ നിന്നും വിളി..സമീറാ.........എന്‍റെ തുണി എവിടെ, ജട്ടി എവിടെ..ബെല്‍റ്റ്‌ എവിടെ..ലാപ്ടോപിന്റെ ചാര്‍ജര്‍ എവിടെ...ഒലക്ക...ഒന്നും വെച്ചാ വെചോടുത്തു കാണൂല...

ഓടി കിതച്ചു എല്ലാം എടുത്തു കൊടുത്തു. എലാം അലമാരയില്‍ കണ്മുന്‍പില്‍ തന്നെ ഒരുക്കി വെച്ചിരുന്നു... ചായ കുടിച്ചു.. ഉച്ചക്കുള്ള ഊണും കയ്യില്‍ കൊടുത്തു..എടീ അനക്ക് ഈ ഷൂ ഒക്കെ ഒന്ന് പോളിഷ് ചെയ്തൂടെ? ഒരു പണിയും എടുക്കൂല...വെറുതെ തിന്നു കൂടും ഇവിടെ...
നിമിഷ നേരം കൊണ്ട് ഷൂ പോളിഷ് ചെയ്തു ഭര്‍ത്താവിനെ ഓഫീസില്‍ വിട്ടു..

ഇനി ഉമ്മാക്ക് ചായ..അതും എടുത്തു കൊടുത്തു...വീണ്ടും മുറ്റമടിക്കാന്‍ ഇറങ്ങി...അത് കഴിഞ്ഞു വീട് ഒക്കെ അടിച്ചു തുടച്ചു വൃത്തിയാക്കി....ബാത്ത്റൂം കഴുകി..വസ്ത്രങ്ങള്‍ അലക്കി...ഹോ ഊരയ്ക്ക്‌ ഭയങ്കര വേദന...ഒരു തലകറക്കം...സമയം പത്ത് മണി..അപ്പോഴാ ഓര്‍ത്തത്‌ , അവള്‍ ചായ കുടിചിടില്ല...താഴെ വന്നു ചായ എടുത്തു കുടിക്കുമ്പോള്‍ ഉമ്മ വന്നു..ഇപ്പൊ ചായ കുടിക്കുന്നെ ഉള്ളൂ..ഇത് വരെ എന്തായിരുന്നു നിനക്ക് പണി?? ഇനി എപ്പോഴാ ഉച്ചക്കത്തെ ചോറ് ആകാ??

ആ... ജ്ജ് കുളിചാന്‍ കൊറച്ചു വെള്ളം ഇങ്ങട്ട് ചൂടാക്കി കൊണ്ടന്നാ....അതും ഉണ്ടാക്കി കൊടുത്തു..അപ്പോഴാണ്‌ കൊച്ചു മോന്‍ വീണ്ടും കരഞ്ഞത്..അവനെ എടുത്തു പാല്‍ കൊടുത്തു..കുളിപിച്ചു, നല്ല ഉടുപ്പിട്ട് സുന്ദര കുട്ടപ്പനാക്കി...സമയം 12 മണി...

അള്ളാ ഉച്ചക്ക് ഉള്ള ചോറ് ആയിട്ടില്ല..വീണ്ടും അടുക്കളയിലേക്കു...ഒരു മണിക്ക് ഉമ്മ വന്നു..എന്താ ഇത്റ് വരെ ചോറ് ആയില്ലേ??, കറി, ഉപ്പേരി, മീന്‍ പൊരിച്ചത്, പപ്പടം...എല്ലാം റെഡി...മണി രണ്ടു!

ഹോ ഭയങ്കര ക്ഷീണം.ഊര വേദന ...ഒന്ന് കിടക്കണം..മുകളില്‍ കയറിയപോള്‍ കുട്ടി ഉണര്‍ന്നു ..അവനെ എടുത്തു പാല്‍ കൊടുത്തു..മണി മൂന്നു...

കുട്ടികള്‍ നാല് മണിക്ക് സ്കൂളില്‍ നിന്നും വരും. അപ്പോഴേക്കും ചായ, കടി..എല്ലാം റെഡി ആക്കണം...വയറു എറിഞ്ഞിട്ടു വയ്യ....ഉച്ച ഊണ് വേഗം വാരി മുണിങ്ങി (ചവക്കാന്‍ നേരമില്ല) അവള്‍ വീണ്ടും അടുക്കളയിലേക്കു..

കുട്ടികള്‍ എത്തി, അവരെ കുളിപിച്ചു, ചായ കൊടുത്തു കളിക്കാന്‍ പറഞ്ഞയച്ചു...നേരം ഇരുട്ടി..സന്ധ്യാ നേരത്ത് കുട്ടികളെ പഠിപ്പികണം..ഹോം വര്‍ക്ക്‌ ചെയ്തോ എന്ന് നോക്കണം..സ്കൂളില്‍ നിന്നും എഴുതി വിട്ട നോട്ടുകള്‍ക്ക് മറുപടി....സമയം ഏഴു മണി..

ഭര്‍ത്താവ് വന്നു.എടീ ജ്ജ് എവിടെ? ഈ കൊലായിമ്മല്‍ കോഴി തൂറിയത് കണ്ടില്ലേ?? ജ്ജ് ഏതു ഒലക്കയില്‍ പോയി കടക്കാ...അനക്കൊക്കെ ദിവസം മുഴുവന്‍ ഇവിടെ എന്താ പണി!!!!??.ഭര്‍ത്താവിനു ചായ, കടി എല്ലാം എടുത്തു കൊടുത്തു..

കോഴിക്കാട്ടം കോരി..അതാ വിളി: എടീ ആ സോപും മുണ്ടും ഇങ്ങെടുക്ക്‌! എല്ലാം എടുത്തു കയ്യില്‍ കൊടുത്തു....

കുളി കഴിഞ്ഞു അയാള്‍ കുട്ടിയെ ഒന്ന് കളിപ്പിക്കാന്‍ എടുത്തപ്പോള്‍ കുട്ടി തൂറിയിട്ടുണ്ട്...സമീറാ.................................ബടെ വാടീ..ഈ കുട്ടി ഇവടെ തൂറി വരകിയത് ജ്ജ് കണ്ടീലെ?? അതൊന്നു കഴുകിക്കൂടെ?? അനക്കൊക്കെ ദിവസം മുഴുവന്‍ ഇവിടെ എന്താ പണി!!!???

രാത്രി ഭക്ഷണം ഇത് വരെ ആയിട്ടില്ല...ഭര്‍ത്താവിനു ചപ്പാത്തി, ഉമ്മാക്ക് കഞ്ഞി, മക്കള്‍ക്ക്‌ മീനും ചോറും...എല്ലാം റെഡി ...മണി പത്ത്..

എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ചു..കിടക്കാന്‍ പോയി...അവള്‍ പാത്രം എല്ലാം കഴുകി..നാളെ രാവിലെക്കുള്ള അരി വെള്ളത്തില്‍ ഇട്ടു കിടക്കാന്‍ ചെന്ന്..മണി പതിനൊന്നു...ചക്കര മോന്‍ ഉറങ്ങിയിട്ടില്ല...അയാളും അവളും കുട്ടിയെ കുറച്ചു നേരം കളിപ്പിച്ചു...ഭര്‍ത്താവ് ഉറങ്ങി ...കുട്ടി ഉറങ്ങുമ്പോള്‍ മണി പന്ത്രണ്ടു.......

അവള്‍ ഗാഡമായ നിദ്രയിലേക്ക് പോയി....ഇടയ്ക്കിടയ്ക്ക് മകന്‍ കരയുമ്പോള്‍ അയാള്‍ അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു....ടീ....കുട്ടി കരയുന്നു. പോത്ത് പോലെ കടന്നു ഒറങ്ങും..അനക്ക് അതിനെ ഒന്ന് നോക്കിയാല്‍ എന്താ.....പകല് വേറെ പണി ഒന്നും ഇല്ലല്ലോ..അനക്ക്‌ സുഖമായി ഒറങ്ങിക്കൂടെ??....

വീണ്ടും നാളെ രാവിലെ നാല് മണിക്ക് തുടങ്ങും അവളുടെ യാത്ര.......................

നമ്മുടെ നാട്ടിന്‍ പുറത്തെ ഒരു സാധാരണ വീട്ടമ്മ (കൂലി കൊടുക്കണ്ടാത്ത വേലക്കാരി) യുടെ ജീവതമാണ് ഇത്..അവള്‍ ഉണ്ടോ, ഉറങ്ങിയോ എന്നോ , അവളുടെ വേദനയോ ഇഷ്ടാനിഷട്ടങ്ങലോ ഒന്നും അന്വേഷിക്കാനും മനസ്സിലാക്കാനും ശ്രമിക്കാത്തവരാന് മിക്കവാറും നാം ഭര്‍ത്താക്കന്മാര്‍. അല്ലെ??. അവള്‍ക്കൊരു കൈ സഹായം ചെയ്‌താല്‍ ആണത്തം കുറഞ്ഞു പോകുമോ എന്ന ദുരഭിമാനം വെച്ച് പുലര്‍ത്തുന്നവരും....സഹോദരീ നീ അല്ലാഹുവിന്‍റെ (ദൈവത്തിന്‍റെ) പ്രീതി മാത്രം പ്രതീക്ഷിക്കുക....സ്വര്‍ഗം എന്നുള്ളത് ദൈവം നിനക്കായി ഉണ്ടാക്കിയതാവണം...

തന്‍റെ ഭാര്യയോട്‌ നല്ല സ്വഭാവത്തിലും നീതിയിലും പെരുമാരുന്നവനാണത്രേ നമ്മളില്‍ ഏറ്റവും ഉത്തമന്‍!

Sunday, October 20, 2013

ബലി പെരുന്നാളിന് 'പശു' വിനെ ബലി അറുക്കുമ്പോള്‍...............

ബലി പെരുന്നാളിന്റെ ഏറ്റവും പ്രധാന ഘടകമാണ് മൃഗ ബലി. ഇസ്മായില്‍ (അ) മിന്‍റെയും ഇബ്രാഹീം (അ) ന്‍റെയും ത്യാഗസ്മരണ പുതുക്കാനാണ് മസ്ലിം സമൂഹം ഈ ബലി അര്പിക്കുന്നത്..മതപരമായി ഒരു പാട് പുണ്യമുള്ള കാര്യമാണ് മൃഗ ബലി അഥവാ ഉള്‍ഹിയത്ത്. അതിന്‍റെ മാംസം അഗതികളും അനാഥരും അര്ഹരുമായ പാവങ്ങളിലേക്ക് തിരഞ്ഞു പിടിച്ചു എത്തിക്കുന്നതോടെ അതിന്‍റെ പ്രതിഫലം അനേകം മടങ്ങുകലായി വര്‍ധിക്കുന്നു..

ബലി അറുക്കുന്ന മൃഗത്തിന്‍റെ കാര്യത്തില്‍ ഇസ്ലാമികമായി അത് പശു തന്നെ ആകണം എന്ന് കടും പിടുത്തം ഇല്ല എന്നാണു എന്റെ അറിവ്. ആടോ, പോത്തോ, എരുമയോ, ഒട്ടകമോ, കാളയോ, പശുവോ തുടങ്ങി ഭക്ഷിക്കല്‍ ഹലാലായ ഏതു മൃഗവും ആവാം.

ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ നാം നമ്മുടെ മത കാര്യങ്ങള്‍ അനുഷ്ട്ടിക്കുമ്പോള്‍ നമ്മുടെ സഹോദര മതസ്ഥരുടെ മത വികാരങ്ങള്‍ കൂടി മാനിക്കണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പശുവിനെ തന്നെ ബലി കഴിക്കണം എന്ന് നിര്‍ബന്ധമില്ലാത്ത സാഹചര്യത്തില്‍, ഹിന്ദു മത സഹോദരങ്ങളെ പ്രകോപിപ്പിക്കും വിധം പശുവിനെ തന്നെ ബലി കഴിക്കണം എന്ന് വാശി പിടിക്കുന്നത്‌ എന്തിനാണ്? പൊതുവേ അത് നമ്മുടെ പള്ളികളും, വീടുകളും, മദ്രസകളും, തകര്‍ക്കപ്പെടും വിധം സാമുദായിക സ്പര്ധയ്ക്ക് വരെ കാരണമാകാറുള്ള സാഹചര്യത്തില്‍!?
(ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്ക് നാം എന്തിനു അവസരങ്ങള്‍ കൊടുക്കണം??)

കേരളത്തില്‍ പൊതുവേ പശു ബലി കുറവാണു. ഇനി ഉണ്ടെങ്കില്‍ തന്നെ അതിനെ അതിന്‍റെതായ മത സാഹോദര്യ സ്പിരിറ്റില്‍ തന്നെ എടുക്കുന്നവരാണ് നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ . എന്നാല്‍ മറ്റു ഒട്ടു മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചാണ്. അവിടെ അത് വലിയ സാമുദായിക കലാപങ്ങള്‍ക്ക് വരെ കാരണമായിട്ടുണ്ട്.
ബലി പെരുന്നാള്‍ എന്ന സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും അര്‍പ്പണത്തിന്റെയും ആഘോഷത്തെ നാം ആവേശത്തിന്റെയും വാശിയുടെയും പുറത്ത് എന്തിനു രക്ത രൂക്ഷിതവും കലാപരൂക്ഷിതവുമാക്കണം?

പല സംസ്ഥാനങ്ങളിലും (പ്രത്യേകിച്ച് കാവി ഭരണമുള്ള) ഗോ വധം നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഒരു മതേതര ജനാതിപത്യ രാജ്യത്ത് അത്തരം ഏകപക്ഷീയ നിയമങ്ങളും ഭൂഷണമല്ല. അത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടെണ്ടതാണ്.

പത്ത് വര്‍ഷത്തോളം പൂന, ഹൈദരാബാദ് , ഉത്തരാഖണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിച്ച പരിചയം വെച്ച് അവിടങ്ങളില്‍ ബലി പെരുന്നാള്‍ പലപ്പോഴും വാശിയുടെയും സ്പര്ധയുടെയും ആഘോഷമായി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്‍റെ പിന്നില്‍ ചില രാഷ്ട്രീയ സാമുദായിക ശക്തികളുടെ സ്വാര്‍ത്ഥ കൈകളും ഉണ്ടാവാം. അവരുടെ കയ്യിലെ പാവകളായി മാറാതെ നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാം...

ബലി പെരുന്നാള്‍ അതിന്‍റെതായ സാഹോദര്യത്തോടെയും അര്‍പ്പണ ബോധാത്തോടെയും കൊണ്ടാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം!!

Monday, September 2, 2013

എന്റെ ഉമ്മയുടെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഭക്ഷണം!

എന്റെ ഉമ്മ പൊതുവേ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാത്ത പ്രകൃതക്കാരിയാണ്..എവിടെ പോയാലും വീട്ടില്‍ തിരിച്ചു എത്തുന്നത്‌ വരെ നോമ്പായിരിക്കും!
 അഞ്ചു വര്ഷം മുന്‍പ് ഞാന്‍ ദുഫായില്‍ നിന്നും വന്നപ്പോള്‍ എനിക്കൊരു പൂതി. ഉമ്മയെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറ്റി ഭക്ഷണം കഴിപ്പിക്കണം..അങ്ങിനെ ഞങ്ങള്‍ കോഴിക്കോടെ നഗരത്തിലെ ഒരു നല്ല ഹോട്ടലില്‍ കയറി.

കയറുമ്പോള്‍ തന്നെ ഒരു സുന്ദരി കൈ കൂപ്പി ചിരിച്ചു നില്‍ക്കുന്നു.. ഉമ്മ ചോദിച്ചു ആ പാവക്കുട്ടി എങ്ങനെയാണ് അനങ്ങുന്നത്? ഞാന്‍ പറഞ്ഞു: ഉമ്മാ അത് പാവയല്ല ഒറിജിനല്‍ പെണ്ണാണ് എന്ന്. ഉമ്മാക്ക് വിശ്വാസം വന്നില്ല, അവസാനം ഓളുടെ പേരും നാടും ഒക്കെ  ചോദിച്ചു ഉമ്മ ഉറപ്പു വരുത്തി, ഒറിജിനല്‍ തന്നെ!! എന്നാലും പാവ പോലെയുണ്ട് അല്ലെ??  ഉമ്മാക്ക് ആശ്ചര്യം തീര്‍ന്നിട്ടില്ല....

ബിരിയാണിയും മീന്‍കറിയും പോരാട്ടയും ഒക്കെ ഓര്‍ഡര്‍ ചെയ്തു. വൈട്ടെര്‍ ഉമ്മാക്ക് ഭക്ഷണം വിളമ്പി കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉമ്മ അറിയാതെ എഴുനേറ്റു അയാളുടെ കൈക്ക് പിടിച്ചു പോയി, എനിക്ക്  നീ വിളമ്പി തരികയോ, ഇങ്ങു താ എല്ലാവര്ക്കും ഞാന്‍ വിളമ്പി തരാം..(ഉമ്മാക്ക് ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ ഭക്ഷണം വിളമ്പി കൊടുത്തത്. നമ്മുടെ നാട്ടിലെ വീട്ടമ്മമാര്‍ എന്നും വെക്കാനും വിളമ്പാനും, ആണുങ്ങള്‍ തിന്നിട്ടു ബാക്കിയുള്ളത് തിന്നാനും മാത്രം വിധിക്കപ്പെട്ടവര്‍ ആണെന്ന സത്യം എന്നെ വല്ലാതെ അലട്ടി!!!)
ഞാന്‍ കുന്തവും കോലും കൊണ്ട് കഴിച്ചു , ഉമ്മ അസ്സല്‍ കൈ കൊണ്ടും...എല്ലാവരും ഉമ്മയെ  നോക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉമ്മ വീണ്ടും വീണ്ടും അഭിപ്രായം പറഞ്ഞു: ഞമ്മളെ  മീന്‍കറിക്ക് ഒക്കൂല, ഇതെന്തു ബിരിയാണിയാണ്,ഞമ്മളെ നാടന്‍ ബിരിയാണിക്ക് ഒക്കൂല.
ഉമ്മ ചുറ്റും നോക്കുന്നുണ്ടായിരുന്നു, പിന്നെ ഒരു ബെജാറുള്ള കംമെന്റും: ഈ  അലങ്കാരത്തിനു ഒക്കെ ഉള്ള പൈസ ഓല് ഞമ്മളോട് വാങ്ങൂലെ?

ഭക്ഷണം കഴിഞ്ഞു ഉമ്മ എന്റെയും ഉമ്മയുടെയും പ്ലേറ്റ് എടുത്തു കഴുകാന്‍  പോകാന്‍ ഒരുങ്ങി..വൈട്ടെര്‍ ഉമ്മയെ വിലക്കി..അവിടെ വെച്ചോളൂ,  ഞങ്ങള്‍ കൊണ്ട് പോകും എല്ലാം...(അന്ന്  ജീവിതത്തില്‍ ആദ്യമായാവും ഉമ്മ സ്വന്തം തിന്ന പ്ലേറ്റ് കഴുകാത്തിരിക്കുന്നത്!!?)

പിന്നെ വൈട്ടെര്‍ ഫിങ്കര്‍ ബൌള്‍ കൊണ്ട് വന്നു....ഉമ്മാകും എനിക്കും തന്നു....ഉമ്മ നോക്കിയപ്പോള്‍  നാരങ്ങയും ചുടുവെള്ളവും! അതില്‍ കുറച്ചു ഉപ്പും ചേര്‍ത്തു ഉമ്മ കുടിക്കാന്‍ ഒരുങ്ങി...ഞാന്‍ പറഞ്ഞു: ഉമ്മാ അത് കൈ കഴുകാന്‍ ഉള്ളതാണ്.  ഇതിലൊ??..ഉമ്മ എഴുനേറ്റു വാഷ്‌ ബേസിനില്‍ പോയി സോപ്പിട്ടു കൈ കഴുകി...

ബില്ല് വന്നു...ഉമ്മാക്ക് ബേജാര്..എത്രയായി? 950 രൂപ...അല്ലാഹ്...ഇത്ര രൂപയ്ക്കു ഒരു ചെറിയ കുടുമ്പത്തിനു ഒരു മാസം ചെലവ് കഴിയാം!! (ഇന്നല്ല...അഞ്ചു വര്ഷം മുന്‍പ്).  ഇനി മേലാല്‍  ഇത്തരം സ്ഥലത്ത് കയറി പൈസ അനാവശ്യം കളയരുത്! പടച്ചവന്‍ പൊറുക്കില്ല!! (ഉമ്മ പറഞ്ഞത് മനസ്സില്‍ വല്ലാതെ കൊണ്ടെങ്കിലും, ഞാന്‍ അനുഭവിക്കുന്ന സുഖ  സൌകര്യങ്ങള്‍ ഉമ്മയെയും അനുഭവിപ്പിക്കുക എന്ന എന്റെ ആഗ്രഹം അവിടെ സഫലമായി....)

ഞങ്ങള്‍ പോകാന്‍ ഒരുങ്ങി..വൈട്ടെര്‍ ബാക്കി പൈസയുമായി വന്നു...ഞാന്‍ ഒരു സംഖ്യ ടിപ് ആയി ബില്‍ ബുക്കില്‍ വെച്ച് പുറത്തേക്ക് നടന്നു.. പിന്നില്‍ ഉമ്മയും..പുറത്തെത്തിയപ്പോള്‍ ഉമ്മ പിറകില്‍ നിന്നും വിളിച്ചു, പിന്നെ ജ്ജ് ബാക്കി പൈസ ഇട്ക്കാന്‍ മറന്നു ലെ?..ഞാന്‍ പറഞ്ഞു ഇല്ലല്ലോ...
ഉണ്ട് ഇതാ ആ ബുക്കില്‍ നിന്നും കിട്ടിയതാ..ഞാന്‍ മറക്കാതെ എടുത്തു!!! ഞാന്‍ പറഞ്ഞു: ഉമ്മാ അത് ടിപ് ആണ്...അതെന്താ ടിപ്??
ഞമ്മക്ക് ഭക്ഷണം വിളമ്പി തന്ന അയാള്‍ക്ക്‌ ഉള്ളതാണ്..അതെന്താ അയാള്‍ക്ക്‌ ശമ്പളം കിട്ടൂലെ?? ഉമ്മാ  കിട്ടും പക്ഷെ, ഞമ്മളെ  ഒരു സന്തോഷത്തിനു! അങ്ങനെ ഓന്‍ സന്തോഷിക്കണ്ട...ഓന്‍ ചോറ് വിളമ്പുമ്പളെ ഞാന്‍ പറഞ്ഞതാ ഞാന്‍ വിളമ്പിക്കൊലാന്നു...

തിരിച്ചു പോകും മുന്‍പ്  കോഴിക്കോട് ബീച്ചിലും ഒന്ന് പോയി...ഉമ്മ ബീച്ചില്‍ കടല്‍പാലത്തിനു അടുത്തെത്തിയപ്പോള്‍ പറഞ്ഞു...ഞാനും നിന്റെ ബാപയും കല്യാണം കഴിഞ്ഞ കാലത്ത് ഇവിടെ വന്നിരുന്നു...അന്ന് ഇരുട്ടില്‍  ആരോ ഉമ്മയോ തോണ്ടിയ കഥയും ബാപ്പയോട്  അടി കിട്ടിയ കഥയും ഒക്കെ പറഞ്ഞു...ഉമ്മ കുറെ ചിരിച്ചു, പിന്നെ കരഞ്ഞു, വേഗം മുഖം തുടച്ചു!!! (ബാപ്പ മരിച്ചിട്ട് അന്നേക്കു ഇരുപതു  കൊല്ലം!!!!)

തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഉമ്മ വളരെ സന്തോഷവതിയായിരുന്നു....മുഖം വളരെ പ്രസന്നം. ഇത് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത അത്രയും സുന്ദരിയായിരുന്നു ഉമ്മ അന്ന്!! വീട്ടിലെത്തി എല്ലാവരോടും പ്രസന്നമായ മുഖത്തോട്  കൂടി കോഴിക്കോടന്‍ വിശേഷങ്ങള്‍ പങ്കു വെക്കുന്നത് കണ്ടു എന്റെ കണ്ണുകള്‍ നിറഞ്ഞു, ഇടയ്ക്കു ഉമ്മയുടെയും!!

നാം വളരെ ചെറുത്‌ എന്ന് കരുതുന്ന കാര്യങ്ങള്‍ നമ്മുടെ മാതാ പിതാക്കള്‍ക്ക് ഒരുപാട് സന്തോഷം നല്കിയേക്കാം..ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ അവരെ മറക്കാതിരിക്കുക...അവഗണിക്കാതിരിക്കുക!!